Tuesday, 15 March 2011

കൊച്ചിക്കാരന്റെ സ്വന്തം സുനാമി

 
ലോക കപ്പിനോപ്പം ഊതി ഊതി ചായ കുടിക്കുന്ന എനിക്ക് വൈകിട്ട് ചായക്കൊപ്പം സുനാമി ആയിരുന്നു.
ജപ്പാനിലെ സുനാമി.
പനയോളം പൊക്കത്തില്‍ വന്ന തിരമാലകള്‍ തീരം കഴുകി തുടക്കുന്നു.
ചീട്ടു കൊട്ടാരം കണക്കെ നിലം പൊത്തുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍.
പ്രാണനും കൊണ്ട് പരക്കം പായുന്നവര്‍.
സീഎന്‍എന്നും എന്ടിടിവിയും മാറി മാറി കണ്ടു(ചങ്കില്‍ പൂടയുള്ള ക്യാമറക്കാരെ സലാം!)
വിഷ്‌ല്കള്‍ക്ക് പാദസ്വരം ഇട്ടതു പോലെ സ്ക്രോള്‍ ഓടുന്നു. പതിനേഴോളം രാജ്യങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ്.
റഷ്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്, നിക്ക്വരഗെ, പനാമ, ഹോണ്ടുറാസ്, ഇന്തോനേഷ്യ(കഴിഞ്ഞ സുനാമിക്ക് ശേഷം ഇന്തോനേഷ്യ എനിക്ക് മാമന്‍റെ വീട് പോലെയാണ്. കല്യാണം ആയാലും കെട്ട് നിറ ആയാലും പങ്കു പകര്‍ച്ചയായി വീട്ടിലും എത്തും)ഭാഗ്യം! കൂട്ടത്തില്‍ കൊച്ചിയില്ല. രണ്ടെണ്ണം നീറ്റായി അടിച്ചു കിടന്നു ഉറങ്ങാം. ഇനി ഇപ്പൊ കൊച്ചി ഉണ്ട് എങ്കിലും രണ്ടു എന്നത് രണ്ടു തന്നെ. പെഗ്ഗ് ഫുള്‍ ആകും എന്ന് മാത്രം. റിലേ പോയാല്‍ പിന്നെ എന്ത് സുനാമി ?
പിന്നെയും വിഷ്‌ല്കള്‍:
വെള്ളത്തില്‍ വെള്ളക്ക പോലെ ഒഴുകുന്ന കാറുകള്‍.
കടിച്ചു പിടിച്ചു മാസം നാലായിരം രൂപ ആള്‍ട്ടോ കാറിന്റെ ഇഎംഐ അടക്കുന്ന ഞാന്‍ ഇത് എങ്ങിനെ സഹിക്കും ?
ജപ്പാനിലെ ഏതെങ്കിലും ഒരു ബാങ്കില്‍(സ്റ്റേറ്റ് ബാങ്ക് ഓഫ് ജപ്പാന്‍ ആകാനാണ് ചാന്‍സ്)വെഹിക്കിള്‍ ലോണ്‍ ചോദിച്ചു കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞു വാങ്ങിച്ച കാര്‍. പാവം എത്ര വണ്ടി ചെക്ക് ഒപ്പിട്ടു കൊടുത്തിട്ടുണ്ടാകും? ആ കാറിനുള്ളില്‍ ഒരു നെറ്റിപട്ടമോ ഉറിയോ തൂക്കിയിട്ടുണ്ടാകും. ചില്ലിനു പിന്നില്‍ ഹായ് അപ്പൂസ് എന്നോ ചക്കര വാവ(സോറി ! ലൊക്കേഷന്‍ ജപ്പാന്‍ അല്ലെ അപ്പൊ "ഹായ് തച്ചിബാന" അല്ലെങ്കില്‍ ഹായ് കവബാത്ത) എന്നോ എഴുതിയിട്ടുണ്ടാകും. കാറിന്‍റെ സീറ്റിലെ ആ പുതിയാപ്ല കവര്‍ ഇപ്പോഴും കീറിയിട്ടില്ലെന്നോ!
ജപ്പാനില്‍ ഒരു ഗുരുവായൂര്‍ ഉണ്ടെങ്കില്‍ ആ കാറില്‍ ആ പാവം ഗുരുവായൂര്‍ക്കോ വേളാന്‍കണ്ണിക്കോ ഫാമിലി ആയി തൊഴാന്‍ പോയിട്ടുണ്ടാകും. "മിഥുനത്തിലെ" സേതുമാധവന്‍ ദാക്ഷായണി ബിസ്കറ്റ് വണ്ടിയില്‍ ഊട്ടിക്കു ടൂര്‍ പോയത് പോലെ.
വൈപ്പിന്കരക്കാരന്‍ എറണാകുളത്തു പോകുന്നത് പോലെ നൂറ്റിയന്പതു രൂപയ്ക്കു പെട്രോള്‍ അടിച്ചു (ജപ്പാനിലെ പെട്രോളിന് ലിറ്ററിന് എത്രയാണാവോ റേറ്റ്!)പാവം സെണ്ടായ് ടൌണില്‍ പോയതാകും.
പത്താം ക്ലാസ്സിലെ ജോഗ്രഫി ടെക്സ്റ്റില്‍ കായാന്തരശിലകള്‍ക്കും ഉഷ്ണജലപ്രവാഹങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് മാര്‍ക്കായിരുന്നു സുനാമിക്ക് വില. താരാട്ടു താളത്തില്‍ ഉള്ള ഗോപാലകൃഷ്ണന്‍ മാഷിന്റെ ക്ലാസ്സ്‌  എടുപ്പില്‍ പാതിയുറക്കത്തില്‍ സുനാമിയെ തീരെ മൈന്‍ഡ് ചെയ്യാതെ പോയി. ജോഗ്രഫി ടെക്സ്റ്റില്‍ നിന്ന് ലൈഫിലേക്ക് ഇറങ്ങി വന്നത് ഒന്ന് മാത്രം-സുനാമി. ചരലിനെ കുറിച്ച് കാര്യമായി എന്തെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍ മിനിമം ഒരു മണല്‍ മാഫിയ എങ്കിലും ഉണ്ടാക്കാമായിരുന്നു(അല്ലെങ്കിലും ജീവിക്കാന്‍ വേണ്ടതൊന്നും ടെക്സ്റ്റ്‌ ബുക്കില്‍ ഉണ്ടാകില്ല)
അറബിക്കടലില്‍ സുനാമി അടിച്ച ദിവസം എന്താണെന്നറിയില്ല സ്വപ്നത്തില്‍ ഗോപാലകൃഷ്ണന്‍ മാഷ് ആയിരുന്നു. പത്താം ക്ലാസ്സില്‍ ജോഗ്രഫി പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്. സംഹാര മൂര്‍ത്തിയായ രുദ്ര ചൈതന്യം ആയിരുന്നു ആ മുഖത്ത്. പൊടി പിടിച്ചു കിടന്നിരുന്ന പത്താം ക്ലാസ്സിലെ ജോഗ്രഫി ടെക്സ്റ്റ്‌  അന്ന് വൈകിട്ട് ഞാന്‍ തപ്പി എടുത്തു. ടെക്സ്റ്റ്‌ ബുക്കിലെ പ്രതിഭാസങ്ങള്‍ ലൈഫിലേക്ക് അവതരിക്കാന്‍ അധിക സമയം ഒന്നും വേണ്ടല്ലോ !
പത്തു സെന്റിന്റെ സര്‍വേക്കല്ലില്‍ വന്നു മുട്ടും വരെ സുനാമി ഒരു വാര്‍ത്ത‍ മാത്രം. എവിടെയോ നടക്കുന്ന ഒരു വെറും വാര്‍ത്ത. കൂടിയിട്ട ശവശരീരങ്ങള്‍ തീന്‍മേശയിലെ എല്ല് കൂമ്പാരം പോലെ നിസ്സാരം.
സുനാമി വന്ന രാത്രിയില്‍ വൈപ്പിന്‍ ദ്വീപില്‍ ഉള്ളവര്‍ ഗോശ്രീ പാലത്തിനു മുകളില്‍ തമ്പടിച്ചു. വീടും കൂടും വിട്ടു കിട്ടിയതും കയ്യില്‍ എടുത്തു പ്രാണ രക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ശരണാര്‍ഥികള്‍ അയ പ്രവാസികളുടെ മുഖം ആയിരുന്നു അവര്‍ക്ക്. ഒന്നും വേണ്ട പ്രാണന്‍ എങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. ഒടുങ്ങാത്ത വിശപ്പുമായി നക്കി ഒടുക്കാന്‍ പാഞ്ഞടുക്കുന്ന ഒരു കാട്ടുമൃഗത്തെ പോലെ(സ്പില്‍ ബെര്‍ഗിന്റെ ജൂരാസിക് പാര്‍ക്കിനു താങ്ക്സ്)കടല്‍ ഞൊടിയിടയില്‍ വേഷം മാറിയപ്പോള്‍ കടപ്പുരത്തിരുന്നു കിന്നാരം പറഞ്ഞവരും കടലിനെ നോക്കി പാട്ട് പാടിയ പരീക്കുട്ടിമാരും തിരിഞ്ഞോടി(ആ ഓട്ടത്തിന് ഇടയിലും ചിലര്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി കണ്ണാടി നോക്കി മുടി ഒന്ന് ചീകി)അപ്പോള്‍ അവര്‍ക്കിടയില്‍ മതിലോ മറയോ ഇല്ലായിരുന്നു.
വയ്യാതെ കിടപ്പില്‍ ആയ അമ്മൂമ്മമാരെ തടിമാടന്മാരായ ചില ഉത്സാഹ കമ്മറ്റിക്കാര്‍ തട്ട് കേടു പറ്റാതെ കട്ടില്ലില്‍ ചുമന്നു രായ്ക്കു രാമാനം കര കടത്തി, ബേക്കറിക്കാരന്‍ ക്രിസ്മസ് കേക്ക് ഹാന്‍ഡില്‍ ചെയ്യും പോലെ.....ആള്‍ ഒഴിഞ്ഞു നിശബ്ദം അയ തീരത്തെ വീടുകള്‍ക്കിടയിലൂടെ രാത്രികളില്‍ ചില നായ്ക്കള്‍ ഓരിയിട്ടു ചുറ്റി തിരിഞ്ഞു. വാഴ വെട്ടാന്‍ ബെസ്റ്റ് ടൈം പുര കത്തുമ്പോള്‍ ആണെന്ന് നേരെത്തെ പഠിച്ച ചില കാട്ടു കള്ളന്മാര്‍ ആ രാത്രി അവസരം മുതലെടുത്തു. ചില്ലറ മോഷണങ്ങള്‍ നടത്തിയെത്രേ.
പിന്നെ ദുരിതാശ്വാസ ക്യാമ്പില്‍.
രാവിലെ മുതല്‍ വൈകിട്ട് വരെ സന്ദര്‍ശകര്‍. സഹായമുണ്ടെന്നറിഞ്ഞു ഏകാദശി നോറ്റ കാക്കയെ പോലെ നല്ല വള്ളം കല്ലിനു അടിച്ചു പൊളിച്ചു ചിലര്‍. ക്യാമ്പില്‍ എത്തി മൂന്ന് നാല് ദിവസം കഴിഞ്ഞു. ഒരു രാത്രി അത്താഴം വിളംബുന്നതിനിടെ ചിലര്‍ ചോദിച്ചെത്രെ ഇന്നും കറി സാമ്പാര്‍ ആണോ....?
വാല്‍കഷ്ണം: സുനാമി വരുന്നത് അറിഞ്ഞു ദ്വീപില്‍ നിന്ന് ഒരു ഓപ്പണ്‍ ടെമ്പോയില്‍ (എല്‍ദോ നിന്നെ സിനിമയില്‍ എടുത്തു!!!!)ലൈറ്റ് ഇട്ടു പാഞ്ഞവര്‍ ആറു കിലോ മീറ്റര്‍ അപ്പുറം ഒരു ജെന്ഷനില്‍ (വടക്കന്‍ പറവൂരിലെ വെടിമര ജെന്ഷനില്‍)വണ്ടി ഓഫ് ചെയ്യാതെ  മിററില്‍ നോക്കി കാത്തു കിടന്നെത്രേ! ഗ്ലാസില്‍ തിര കണ്ടാല്‍ വണ്ടിയും എടുത്തു പായാന്‍ റെഡി ആയി.....!



8 comments:

 1. Vishwalukalku paadhasaram ittathu pole scroll odunnu..... That was fantastic !!!!!!! E postCurryude bhaashayil HIGH FIVES-aal samrudham :)

  ReplyDelete
 2. കൊള്ളാം ..."പത്താം ക്ലാസ്സിലെ ജോഗ്രഫി ടെക്സ്റ്റില്‍ കായാന്തരശിലകള്‍ക്കും ഉഷ്ണജലപ്രവാഹങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് മാര്‍ക്കായിരുന്നു സുനാമിക്ക് വില"... സത്യം !!

  ReplyDelete
 3. താരാട്ടു താളത്തില്‍ ഉള്ള ഗോപാലകൃഷ്ണന്‍ മാഷിന്റെ ക്ലാസ്സ്‌ എടുപ്പില്‍ പാതിയുറക്കത്തില്‍ സുനാമിയെ തീരെ മൈന്‍ഡ് ചെയ്യാതെ പോയി. ജോഗ്രഫി ടെക്സ്റ്റില്‍ നിന്ന് ലൈഫിലേക്ക് ഇറങ്ങി വന്നത് ഒന്ന് മാത്രം-സുനാമി. ചരലിനെ കുറിച്ച് കാര്യമായി എന്തെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍ മിനിമം ഒരു മണല്‍ മാഫിയ എങ്കിലും ഉണ്ടാക്കാമായിരുന്നു(അല്ലെങ്കിലും ജീവിക്കാന്‍ വേണ്ടതൊന്നും ടെക്സ്റ്റ്‌ ബുക്കില്‍ ഉണ്ടാകില്ല)



  ഒരു കപ്പു വെള്ളം മതി ഒരു വസന്ത കാലം വിരിയിക്കാന്‍ .........തിരകള്‍ക്ക് തീരങ്ങളെക്കാള്‍ ശക്തിയും ബുദ്ധിയും കുടുതലാണ് ....തെളിയാന്‍ അറുബോറന്‍റെ കൊച്ചിക്കാരന്‍റെ സ്വന്തം സുനാമിയും ....അഭിനന്ദനങ്ങള്‍

  ReplyDelete
 4. ഈ ബ്ലോഗു പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനായി അഗ്രിഗേറ്ററുകള്‍ ലിങ്ക ചെയ്യണം .ജാലകം എന്ന അഗ്രിഗെട്ടരില്‍ ബ്ലോഗ്‌ യു ആര്‍ എല്‍ രജിസ്റ്റര്‍ ചെയ്യുക .:)

  ReplyDelete
 5. Nannayittundu praveenettaa..., orupadu ishttappettu... all the best.

  ReplyDelete
 6. Kidilam Sunamiye ithrayum Kochivalkarichathu, oru sarasari malayaliye thurannu kanichu Sunami Vannalum Bhoomikulakam vannalum Pegginte alavil oru kuravum varuthathathu nammal malayalees thanee :)

  ReplyDelete
 7. ബൂലോകത്തേയ്ക്ക് കടന്ന വാ‍ർത്ത ഇപ്പോളാണ് അറിഞ്ഞത്. എല്ലാ ആശംസകളും. വളരെ നല്ല എഴുത്ത്. തുടർന്നും എഴുതക.

  സുനാമിയ്ക്ക് ശേഷം നമ്മുടെ കടൽതീരത്ത് ഇത്തവണ തിരക്കല്പം കൂടുതലായിരുന്നു എന്നാണ് കേട്ടത്. പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ സുനാമിയെ ഭയക്കാതെ നേരിടാൻ ഇറങ്ങിയതല്ല. ഒരു സുഹൃത്ത് ഇതിന്റെ കാരണം പറഞ്ഞതാണ് രസകരമായി തോന്നിയത്. “കപ്പലിൽ കയറ്റാൻ കൊണ്ടുവന്ന പുത്തൻ ടൊയോട്ടാ മാത്രമല്ലിഷ്ടാ വിമാനം വരെ കടലിൽ ഒഴികിനടക്കാണെന്നാ കേട്ടെ. എങ്ങാനും ഒരെണ്ണം നമ്മടെ കടപ്പുറത്തും അടിഞ്ഞാലൊ. ഒത്താൽ ഒരു കാറ് നമുക്കും സംഘടിപ്പിക്കല്ലൊ.” :)

  ReplyDelete
 8. WONDERFUL!!!!!. NJAN ITHRAYUM PRATHEEKSHICHILLA.

  ReplyDelete