Monday, 28 March 2011

പാമ്പായി മൂലയും ലേശം എക്കണോമിക്സും


പാമ്പായി മൂല കൊച്ചിയിലാണ്, ഇടക്കൊചിയില്‍.
പാമ്പായി മൂല 'പാമ്പായി മൂല' ആയതു എങ്ങിനെ എന്ന് എനിക്ക് നല്ല പിടിയില്ല. എറണാകുളത്ത് നിന്നും തോപ്പുംപടിക്കല്‍ നിന്നും നല്ല ഉശിരന്‍ 'പാമ്പുകള്‍' ഇടക്കൊച്ചി ബസില്‍ ഇഴഞ്ഞു കയറുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും, പലവട്ടം...... മാളമില്ലാത്ത പാമ്പുകള്‍ക്ക് പ്രൈവറ്റ് ബസ്‌ എങ്കിലും ഉണ്ടെല്ലോ, സമാധാനിക്കാം. പേരിലെ കൌതുകം ആകാം ഒരു പക്ഷെ പാമ്പായി മൂലയെ പറ്റി ഓര്‍ക്കാന്‍ വീര്യം പകര്‍ന്നത്. വേള്‍ഡ് വാട്ടര്‍ ഡേ ക്ക് ഒരു ശരാശരി കേരളീയന്‍, ‍"വാട്ടര്‍" അടിച്ചു വയറു വീര്‍പ്പിക്കുന്ന കൂട്ട് കുടിയന്മാരെ ഓര്‍ക്കുന്നതല്ലേ അതിന്‍റെ ഒരു ശരി. ലോകം കടുത്ത ജല ക്ഷാമത്തിലേക്കു വരളുമ്പോള്‍ ലോക നന്മക്കായി "ഡ്രൈ" അടിക്കാന്‍ വരെ റെഡിയായി നില്‍ക്കുന്ന കുടിയന്മാരെ നിങ്ങള്‍ക്കു  ലാല്‍ സലാം.......
ഒരു ഫുള്ളും തൊട്ടു നക്കാന്‍ ഇച്ചിരി അച്ചാറും കിട്ടിയാല്‍ ഞാന്‍ ഈ ലോകത്തെ ഇളക്കാം എന്നു വീമ്പിളക്കുന്ന എണ്ണം തികഞ്ഞ കുടിയന്‍മാരുടെ നാടായി കേരളം മാറുമ്പോള്‍ സുരക്ഷിതം ആയി ജീവിതം ആസ്വദിക്കാന്‍ പത്മനാഭന്‍ വൈദ്യരുടെ ''കാമിലാരി'  തുണ. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളം. നാലു മലയാളികളില്‍ മൂന്നും വെള്ളമടിക്കാര്‍.ഇടപ്പള്ളി ഷാപ്പില്‍ ഇരുന്നാണോ എഴുതിയത് എന്നറിയില്ല. ചങ്ങമ്പുഴയാണ്  ആദ്യമായി കവിതയില്‍  കള്ളിനെ കലാമൂല്യം ഉള്ള ജനപ്രിയ പ്രിയ പാനീയം ആക്കി വാഴ്ത്തിയത്:
''വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമ്മാം നല്ലിളം കള്ളു ചില്ലിന്‍ വെള്ള ഗ്ലാസില്‍ ഒഴിച്ചങ്ങിനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി ചെല്ലും തോതില്‍ ചെലുത്തി ചിരി കളികള്‍ തമാശോത്ത് മേളിപ്പതെക്കാള്‍ സ്വര്‍ലോകത്തും ലഭിക്കില്ല ഉപരി ഒരു സുഖം പോക വേദന്തമേ നീ"
ചാരായ ഷാപ്പുകളുടെ കാലത്ത് കുടിയന്മാര്‍ വെറും തറകള്‍ ആയിരുന്നു. അമ്പതു മില്ലിയുടെ ആത്മ ധൈര്യത്തില്‍ അവര്‍ കവലകളില്‍ കിരീടം  വച്ച  കിങ്ങ്സും കിടിലം വിതച്ച അലവലാതികളുമായി വിലസി. ‍.തെറി പറഞ്ഞും തല്ലിട്ടും നാട്ടുകാരുടെ മെക്കിട്ടു കേറിയും ആസ്ഥാന "ശശി"കള്‍ നാട്ടിലെ വെറുക്കപ്പെട്ടവര്‍ ആയി. ചാരായ ഷാപ്പില്‍ പൊറുതി ആയതിനാല്‍ അവരാരും ചോദിച്ചില്ല "വൈകിട്ട് എന്താ പരിപാടി" എന്ന്.
കള്ള് കുടി വൈകിട്ട് നടത്താന്‍ മാത്രം ''പ്രഫഷണല്‍" ആയിരുന്നില്ല അച്ചന്‍കുഞ്ഞും അസീസും.
ലോറിക്ക് ഡീസലും ഡ്രൈവര്‍ക്ക് പട്ടയും അതായിരുന്നു മലയാള സിനിമയുടെ ഒരു ലോജിക്ക്. (സിനിമയിലായാലും ജീവിതത്തിലായാലും  ലോറിക്കാരും ആനക്കാരും പണ്ടേ ഷാപ്പില്‍ ആയിരുന്നു പൊറുതി...!)
 സര്‍വ ഗുണ സമ്പന്നന്‍ ആയ നായകന്‍  പ്രേംനസീര്‍, ഒരു പുണ്യാളച്ചന്‍ കണക്കെ ഷാപ്പില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ വഴി മാറി നടന്നു. (കള്ള് കുടിക്കുന്ന നായകന്‍ മലയാള സിനിമയില്‍ വന്നത് എന്ന് മുതല്‍ക്കാണ്.....? നോ ഐഡിയ)
ബാറില്‍ കയറി വിസ്കി അടിക്കാന്‍ മാത്രം വളര്‍ന്നത്‌ കെ.പി.ഉമ്മര്‍ മാത്രമായിരുന്നു.അതും ഒരു ബലാല്‍സംഗത്തിന് ചാന്‍സ് ഉണ്ടെന്നു തോന്നിയാല്‍ മാത്രം.
പിന്നെ സോഫയിട്ട ബംഗ്ലാവിലെ രാത്രി വിരുന്നുകളില്‍ നൈറ്റ്‌ ഗൌണ്ണ്‍ ഇട്ട എഞ്ചിനീയര്‍ വേഷത്തില്‍ കെ.പി.എ.സി സണ്ണിയും വിസ്ക്കി അടിച്ചു. (സണ്ണി സാറിന്‍റെ എഞ്ചിനീയര്‍  കഥാപാത്രങ്ങള്‍ സിമന്റ് അടിച്ചു മാറ്റല്‍ പോലെ ഉള്ള  ഉഡായിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നത്  വിസ്ക്കി അടിച്ചാണ്)
കുടിയന്മാരുടെ ജീവിതം നായ നക്കുന്ന സീനുകള്‍ ആയിരുന്നു സിനിമയില്‍.പടം കണ്ടു ഇറങ്ങുന്നവര്‍ കുടി അപകടം പിടിച്ച പണിയാണെന്ന് ഉറപ്പിച്ചു
മീശ പിരിക്കുന്ന മംഗലശ്ശേരി ബ്ലൂ  കണ്ടന്മാരും  മുള്ളന്‍ കൊല്ലി വേലായുധന്മാരും നെല്ലിട്ടു വാറ്റിയ സ്വയമ്പന്‍ സംഗതിക്കൊപ്പം ലൈഫ് എന്‍ജോയ് ചെയ്യാന്‍ പഠിപ്പിച്ചതോടെ കള്ള് ഒരു വികാരമായി. ഓണത്തിനും വിഷുവിനും പെരുന്നാളുകള്‍ക്കും സര്‍ക്കാര്‍ വക സ്കോര്‍ അപ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ചാലക്കുടിയും കരുനാഗപ്പിള്ളിയും കുടിച്ചു മുള്ളിയ കള്ളിന്‍റെ കണക്കില്‍ വെള്ളം ചേര്‍ക്കാതെ മത്സരിച്ചു. കല്യാണ വീട്ടിലും മരണ വീട്ടിലും എന്ന് വേണ്ട ഇരുപത്തെട്ടു കെട്ടിന് വരെ "വാട്ടീസ്" അടി മസ്റ്റ്‌ ആയി. "പ്രാര്‍ത്ഥിക്കാന്‍! സോറി പട്ടയടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണും" ഒരു കള്ള് ഷാപ്പിന്‍റെ വാതില്‍ പടിയില്‍ കണ്ടു: "ശ്രീ നാരായണ ഗുരു ഈ ഭവനത്തിന്‍റെ നാഥന്‍" എന്ന് (ഗുരു പൊറുക്കുമോ അവോ ?)അല്ലെങ്കിലും
കള്ള് ചെത്തി കുടിക്കണം, ചാരായം വാറ്റി വില്‍ക്കണം
രണ്ടും അല്‍പ്പം രുചിക്കണം, സ്വാമി പാദം ജയിക്കണം! എന്നാണല്ലോ കാര്യങ്ങളുടെ ഒരു പോക്ക്.
മൂല വെട്ടി, കൊട്ടുവടി (കൊട്ടോടി !), മണവാട്ടി, ബാറ്ററി വാട്ടര്‍- കള്ള വാറ്റുകാര്‍ക്ക് പിറകെ "ജെറി" യെ കണ്ട ടോമിനെ പോലെ ഏക്‌സൈസ്കാര്‍ പാഞ്ഞു നടന്ന കാലം. വടക്കന്‍ പറവൂരിനടുത്ത് കള്ള വാറ്റിനു കുപ്രസിദ്ധമായ ഒരു കേന്ദ്രം ഉണ്ടായിരുന്നു. നാലു പാടും വെള്ളം നിറഞ്ഞ ഒരു ദ്വീപ്‌. ഗോതുരുത്ത്.(ജസ്റ്റ്‌ റിമെംബര്‍ ഗോശ്രീ)
ഗോതുരുത്തില്‍ ഗോക്കള്‍ ഇല്ലായിരുന്നു. വാറ്റുകാര്‍ ആയിരുന്നു കൂടുതല്‍.


തൊണ്ണൂറുകളുടെ തുടക്കം വരെ കൊച്ചിക്കാരുടെ മാഹി ആയിരുന്നു ഗോതുരുത്ത്. ഒറ്റ വ്യത്യാസം, മാഹിയില്‍ അംഗീകൃതം. ഗോതുരുത്തില്‍ അനധികൃതം.   മൂത്തകുന്നം (മൂത്തത് എങ്ങിനെ ആണവോ!) കടത്തിറങ്ങി വേണം ഗോതുരുത്തില്‍ എത്താന്‍. വഞ്ചിയില്‍ മുഴുവന്‍ കുടിയന്‍മാര്‍. കടത്ത് ഇറങ്ങിയാല്‍ കൊട്ടോടിയുടെ പറുദീസയാണ്. വയറു നിറയെ കുടിക്കും. കുപ്പിയിലും കന്നാസിലും ആയി ആവുന്നത്ര സ്റ്റോക്ക്‌ ചെയ്യും. വിലയോ തുച്ചം. ഫിറ്റോ മെച്ചം. ഈ കടത്തു വഞ്ചിയുടെ റിട്ടേണ്‍ ട്രിപ്പ്‌ ആണ് കേമം. ആട്ടു കട്ടിലിനു കാറ്റ് പിടിച്ചത് പോലെ. കസ്റ്റമേഴ്സ് എത്തിയാല്‍ "സാധനം" കായലില്‍ നിന്ന് പൊങ്ങി വരും. പാലാഴിയില്‍ നിന്ന് അമൃത് വന്നത് പോലെ. ഏക്‌സൈസ് കാരെ പേടിച്ചു കന്നാസ് കായലില്‍ മുക്കി ഇടുകയാണ് പതിവ്. പെണ്ണ് കിട്ടാനും ഉള്ളതിനെ കെട്ടിച്ചു കൊടുക്കാനും ഗോതുരുത്ത് കാര്‍ക്ക് പാടായിരുന്നു. പെണ്ണ് കാണാന്‍ വന്നവരെ കണ്ടു ഏക്‌സൈസ് കാര്‍ ആണെന്ന് പേടിച്ചു പെണ്ണിന്‍റെ അപ്പനും അമ്മയും കായലില്‍ ചാടി നീന്തി രക്ഷപെട്ടതും പെണ്ണ് കാണാന്‍ വന്നവരെ മറുനാടന്‍ കുടിയന്‍മാര്‍ എന്ന് തെറ്റിദ്ധരിച്ചു ഏക്‌സൈസ് കാര്‍ ഓടിച്ചു വിട്ടതും ഒക്കെ ഗോതുരുത്തിലെ തന്നെ രസികന്‍മാരായ ചില സുഹൃത്തുക്കള്‍ പിന്നീടു പറഞ്ഞത് ഓര്‍ക്കുന്നു. ഒരുകാലത്ത് എന്നും ദീപാവലി ആയിരുന്നു ഇവിടെ. ഏക്‌സൈസ് കാരുടെ തലവെട്ടം കണ്ടാല്‍ ഉടനെ ഒരു പടക്കം പൊട്ടും. അത് പിന്നെ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നും വാറ്റ് കേന്ദ്രങ്ങളിലേക്ക് പടരും. ഒരു ഉശിരന്‍ വെടിക്കെട്ട്‌. (വാറ്റ് അടിച്ചും അടിക്കാതെയും ചവിട്ടു നാടകം പൊടിപൊടിച്ചു ഗോതുരുത്തില്‍. ചവിട്ടു നാടകത്തില്‍ ഒന്നാം നമ്പര്‍ ആശാന്‍മാര്‍ അരങ്ങു വാണ നാടാണ്‌ ഗോതുരുത്ത്)  ‍വൈപ്പിനില്‍ സര്‍ക്കാര്‍ ഒറിജിനല്‍ അടിച്ചു ഒരുപാടു പേരുടെ ജീവിതം കട്ട പൊക ആയപ്പോഴും വാറ്റിലും നെറിവു കാട്ടി ഗോതുരുത്ത്.

അയ്യപ്പ ബൈജു കുടിയുടെ  ബ്രാന്‍ഡ്‌ അംബാസ്സിഡര്‍ ആയപ്പോഴേക്കും അപ്പനും മോനും ചിയേര്‍സ് പറയുന്ന ലെവലില്‍ നതിംഗ് ഒഫീഷ്യല്‍ മാറ്റര്‍ ആയി മാറി കുടി.
ബെവ്കോ ഭഗവല്‍ സന്നിധി പോലെ ആയി.(ബെവ്കോ സമ്മതി ഹേ ഭഗവാന്‍!!!)  മൊബൈല്‍ ഫോണും എടിഎമ്മും കൂടി വന്നതോടെ പ്രാന്തനെ പേപ്പട്ടി കടിച്ച പോലായി.ഷെയര്‍ ഇട്ടു ഷെയര്‍ ഇട്ടു ഷെയര്‍ മാര്‍ക്കറ്റ്‌ ഇടപാടുകാര്‍ ആയി നമ്മള്‍. നൂറും പാലും ഇല്ലെങ്കിലും പാമ്പും കാവുകള്‍ പെരുകി. തൃശ്ശൂരില്‍ ഇക്കണ്ട വാരിയര്‍ റോഡില്‍ കുറച്ചു അകത്തേക്ക് മാറി ഒരു ബെവ്കോ ഉണ്ട്. പെട്ടെന്ന് കണ്ണില്‍ പെടില്ല. ഒരു പോക്കറ്റ്‌ റോഡില്‍ ആണ് സംഗതി. ഒരു കോണ്ക്രീറ്റ് സ്ലാബ് കടന്നു വേണം കുപ്പി വാങ്ങാനുള്ള വണ്ടികള്‍ക്ക് വരാന്‍. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഇല്ലാത്ത ട്രാഫിക്‌ ആണ് വൈകീട്ട് ഈ റോഡില്‍. ഈ സ്ലാബിലൂടെ പോകുന്ന ഒരു വണ്ടിക്കു ഒരു രൂപ ടോള്‍ വാങ്ങിയാല്‍ മാസം മിനിമം ഒരു ലക്ഷം രൂപ കിട്ടും. പൂര നഗരിയെ പൊടിപൂര നഗരിയാക്കാന്‍ ഇത് പോരെ! 

3 comments:

  1. പാവുമ്പായി എന്ന ഒരു വീട്ട് പേരില്‍ നിന്നും അവരുടെ വക ക്ഷേത്രവും ആയി ബന്ധപ്പെട്ടാണ് പാമ്പായി മൂലയുടെ ഉല്‍പ്പത്തി ക്കഥ കിടക്കുന്നത്..പാവുമ്പായി ഇഴഞ്ഞിഴഞ്ഞു പാമ്പായി മാറിയതാണ്..പിന്നെ കള്ളിച്ചെല്ലമ്മ ,അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ സിനിമകളില്‍ നസീര്‍ നല്ല ഒന്നാംതരം കുടിയന്‍ ആണ്..വെള്ളമടിക്കാന്‍ നസീര്‍ കഥാപാത്രങ്ങളും പിന്നോട്ടല്ല എന്ന് ! "കള്ള് കുടി വൈകിട്ട് നടത്താന്‍ മാത്രം ''പ്രഫഷണല്‍" ആയിരുന്നില്ല " ഈ പ്രയോഗം നോസ്ടാല്‍ ജിക്ക്‌ ആയീട്ടോ..വൈകീട്ടുള്ള ബിസിനസ് പത്ര സമ്മേളനങ്ങള്‍ ഓര്‍ത്ത്‌ പോയീ ....:)

    ReplyDelete
  2. സംഭവം കൊള്ളാം. കള്ളുകുടിയുടെ ചരിത്രത്തെ നന്നായിത്തന്നെ വിശകലനം ചെയ്തിരിക്കുന്നു. മലയാള സിനിമയിലെ വില്ലന്മാരിൽ പ്രത്യേകതയുള്ള ഒരു വില്ലനെ വിട്ടുപോയതോ വേണ്ടെന്നു വെച്ചതോ. ജോസ് പ്രകാശ്.

    അല്പം കാര്യവും കൂടിചേർക്കട്ടെ. പണ്ടത്തെ കൊടുങ്ങല്ലൂർ കോവിലകത്തിന്റെ ഗോശാല ആയിരുന്നത്രെ ഗോതുരുത്ത്. അങ്ങനെയാണ് ഈ സ്ഥലനാമം ഉണ്ടായതെന്ന് പറപ്പെടുന്നു. ഇന്നും പാലിലും ശ്രേഷ്ഠമായ “അമൃത്“ അവിടെ ഉണ്ടെന്ന് പറയപ്പെടുന്നു.

    ReplyDelete