Wednesday 1 June 2011

"അരമീശ" എന്ന സര്‍വകലാശാല

കല്യാണ വീട്ടില്‍ വലിച്ചു കെട്ടിയ ടാര്‍പായ പെടുന്നനെ "പത്തോം...ന്ന്" പൊട്ടി വീണത്‌ പോലെ,  ജൂണ്‍ ഒന്നിന് മഴ പെയ്തു. മഴയെന്നു വച്ചാല്‍ പെരുമഴ. ഇടി കുടുങ്ങുന്ന  ഇടവമഴ കറുത്ത ശീലക്കുട ചൂടിയപ്പോള്‍, മൊത്തത്തില്‍ ഒരു ഇരുട്ടുകുത്ത്.
ഇടമുറിയാതെ പെയുന്ന മഴ എന്‍റെ ഓര്‍മകളെ റീ അടിച്ചു. ഒരു യു.പി സ്കൂള്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. ഉപ്പുമാവിന്റെ മണമുള്ള ഒരു നാടന്‍ യു.പി സ്കൂള്‍.
കുഴുപ്പിള്ളി സെന്‍റ് ഗ്രിഗറീസ് യു.പി.സ്കൂള്‍.
 ബട്ടന്‍ പൊട്ടിയ നീല കളസം മാടികുത്തി, മഴ വെള്ളത്തില്‍ കാല് പിണച്ചു പടക്കം പൊട്ടിക്കുന്ന
ചുക്കുണ്ട ബാബു, അരമീശ രമേശന്‍, ചെരുപ്പൂരി നാസര്‍.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന ദിവസം പഠിപ്പിസ്റ്റുകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്തിട്ടുള്ളതാണ്‌. പതിവ് പോലെ  തോറ്റുപോയ ലാസ്റ്റ് ബെഞ്ചിലെ ചങ്ങാതിമാര്‍ ആരും അന്ന് സ്കൂളില്‍ വരില്ല. വന്നാല്‍ തന്നെ കുരങ്ങു ചത്ത കാക്കലനെ പോലെ തല താഴ്ത്തി ഇരിക്കും. പിന്നെ മാഷിന് കുളിരുമ്പോള്‍ ബാക്ക് ബെഞ്ചിലേക്ക് നോക്കി ഒരു ഓര്‍ഡര്‍ ആണ് : "ഡാ ഒരു ചായ".  റാങ്ക് കിട്ടിയ സന്തോഷത്തോടെ അരമീശ ഒരു ഓട്ടമാണ്. "മാഷെ, അവസാനം ഒരിറക്ക് ചായ  തരാന്‍  ഈ അരമീശ രമേശന്‍ തന്നെ വേണ്ടി വന്നില്ലേ"
ജയിച്ചവര്‍ എല്ലാം പോയി മാഷും രമേശനും തനിച്ചായപ്പോള്‍ അരമീശ മാഷിന്റെ ഉത്തരം മുട്ടിച്ചു.
ഫസ്റ്റ് ഡേ ജയിച്ചവരുടെ ദിവസമാണ്. രണ്ടു മാസത്തെ കുരുത്തക്കേടുകള്‍, വിക്ടറി  ടാക്കീസില്‍ കണ്ട മമ്മൂട്ടി പടത്തിന്റെ ക്ലൈമാക്സ്,  റഹ്മാന്റെ ട്വിസ്റ്റ്‌ അടി,  സീ.പീ.രാജേഷിന്റെ ഒടിഞ്ഞ കയ്യില്‍ ഇട്ട പ്ലാസ്ട്ടെരില്‍ പേന കൊണ്ട് ഒരു പടം വര. അത്രയും ആകുമ്പോഴേക്കും. സെക്കന്റ്‌ ബെല്‍ അടിക്കും. പിന്നെ ടീച്ചര്‍ വരും. പിറകെ ഹെഡ് മാഷും.  ജയിച്ചവരുടെ പേര് വിളിക്കും. കേക്ക് മുറിക്കും പോലെ ജയിച്ചവരെ മുഴുവന്‍ നാലായി പകുത്തു നാല് ഡിവിഷനുകളിലേക്ക് പറഞ്ഞയക്കും. ജൂണ്‍ ഒന്നിന് കൂട്ടുകള്‍ പലതും മുറിയും. പുതിയത് തളിര്‍ക്കും. കൂട്ട് നോക്കി ഡിവിഷന്‍ തിരിക്കാത്ത ഹെഡ് മാഷിന്റെ കഷണ്ടി തലയ്ക്കു രണ്ടു വീക്ക് കൊടുക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും
ലാസ്റ്റ് ബെഞ്ചിലെ പതിവായി തോല്‍ക്കുന്ന "മരക്കഴുതകള്‍"  പക്ഷെ മികച്ച  സര്‍വകലാശാലകള്‍ ആയിരുന്നു. തോല്‍ക്കാന്‍ വേണ്ടി പഠിക്കുന്നവര്‍.
പ്രണയവും, ബയോളജിയും കോപ്പിയടിയും പിന്നെ ഡേ ടു ഡേ ലൈഫില്‍ വേണ്ട കള്ളത്തരങ്ങളും ചില്ലറ വേലവൈപ്പുകളും പഠിപ്പിക്കുന്ന ഒന്നാം നമ്പര്‍ സര്‍വകലാശാലകള്‍. ഈ ജൂണ്‍ ഒന്ന് അര മീശ രമേശനും ചെരുപ്പൂരി നാസരിനും പിന്നെ അത് പോലുള്ള ഒരു പാട് പേര്‍ക്കും സമര്‍പ്പിക്കുന്നു.