Tuesday 28 February 2012

ആള്‍ തൂക്കത്തോടെ തെക്കേ കാവില്‍ (പള്ളത്താംകുളങ്ങര)താലപ്പൊലി കൊടിയിറങ്ങി
കാവിലെ ഒറ്റ കരിമ്പന ഇനി അടുത്ത ഉത്സവം നോറ്റിരിക്കും!
വെയിലും മഴയും മഞ്ഞും കൊണ്ട്........
തൂക്കക്കാരന്‍റെ നാട്ടില്‍ ഒരിക്കല്‍ പോയതാണ് ഒരു ഫീച്ചര്‍ എഴുതാന്‍
ഞാന്‍ ചെല്ലുമ്പോള്‍ എളവൂരിലെ വീടിന്‍റെ ഉമ്മറത്ത്‌ ഒരു വയോവൃദ്ധന്‍,
ഉണങ്ങിയ മരച്ചില്ലയില്‍ തനിച്ചായി പോയ ചാട്ടം പിഴച്ച ഒറ്റക്കുരങ്ങനെ പോലെ കുഞ്ചുനായര്‍ !
പച്ച മാംസത്തില്‍ പഞ്ചലോഹ കൊളുത്തിട്ടു തൂക്ക ചാടില്‍ ഒരു പാട് തൂങ്ങിയിട്ടുണ്ട് പാവം.
വഴിപാടായി പലര്‍ക്ക്‌ വേണ്ടിയും ! പിന്നെ എളവൂരില്‍ തൂക്കം നിരോധിച്ചു,മേടത്തില്‍ പൂമൂടലായി
മുക്കൂട്ട്‌ എണ്ണയില്‍ ചവിട്ടി തിരുമ്മി മുതുകത്തു തഴമ്പ് തിണര്‍ത്ത ആ കാരണവര്‍ എനിക്ക് സ്നേഹപൂര്‍വ്വം ചായ തന്നു,
നേര്‍ച്ച തൂക്കത്തിന് കൊളുത്ത് കാത്ത കോട്ടക്കല്‍ മേനോന്‍മാരുടെ കഥ പറഞ്ഞു തന്നു.
കൊളുത്ത് വളഞ്ഞു ഒരിക്കല്‍ ചാടില്‍ നിന്ന് വീണ അനുഭവം പങ്കിട്ടു. പാവം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ, അറിയില്ല !
മറ്റൊരു തൂക്കക്കാരന്‍ സുന്ദരന്‍ നായരേ കണ്ടത് എളവൂരിലെ കള്ളുഷാപ്പിലാണ്.
സുന്ദരന്‍ നായര്‍ക്കും കഥകള്‍ ഒരുപാടുണ്ടായിരുന്നു പറയാന്‍. കണ്ണൂരിലെ തെയ്യം കലാകാരന്മാരുടെ കഥയും മറ്റൊന്നെല്ല,
കൊല്ലത്തില്‍ ഒരിക്കല്‍ ദൈവം ആകാന്‍ വിധിക്കപ്പെട്ട പച്ച മണ്ണിന്‍റെ നേരുള്ള ചില ജന്മങ്ങള്‍ !
ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ദൈവങ്ങള്‍ !
അവരുടെ സ്മരണകള്‍ക്ക് മുന്നില്‍ ഒരു നിറകണ്‍ ചിരി, ഹൃദയപൂര്‍വ്വം ഒരു പ്രണാമം !




Thursday 19 January 2012

ചലന നിയമത്തിനപ്പുറം

ചലന നിയമത്തിനപ്പുറം പുറമ്പോക്കില്‍
ചിലര് കൂടി ബാക്കിയുണ്ടിപ്പോഴും
അവര്‍-"കൊടുത്താലും വാങ്ങാത്തവര്‍" !
ചിതല് കേറിയ ചിരിയുമായ്  ജീവിത-
ചിതയില്‍ വെന്തു സ്വയം നൊന്തു നീറുവോര്‍!