Tuesday, 28 February 2012

ആള്‍ തൂക്കത്തോടെ തെക്കേ കാവില്‍ (പള്ളത്താംകുളങ്ങര)താലപ്പൊലി കൊടിയിറങ്ങി
കാവിലെ ഒറ്റ കരിമ്പന ഇനി അടുത്ത ഉത്സവം നോറ്റിരിക്കും!
വെയിലും മഴയും മഞ്ഞും കൊണ്ട്........
തൂക്കക്കാരന്‍റെ നാട്ടില്‍ ഒരിക്കല്‍ പോയതാണ് ഒരു ഫീച്ചര്‍ എഴുതാന്‍
ഞാന്‍ ചെല്ലുമ്പോള്‍ എളവൂരിലെ വീടിന്‍റെ ഉമ്മറത്ത്‌ ഒരു വയോവൃദ്ധന്‍,
ഉണങ്ങിയ മരച്ചില്ലയില്‍ തനിച്ചായി പോയ ചാട്ടം പിഴച്ച ഒറ്റക്കുരങ്ങനെ പോലെ കുഞ്ചുനായര്‍ !
പച്ച മാംസത്തില്‍ പഞ്ചലോഹ കൊളുത്തിട്ടു തൂക്ക ചാടില്‍ ഒരു പാട് തൂങ്ങിയിട്ടുണ്ട് പാവം.
വഴിപാടായി പലര്‍ക്ക്‌ വേണ്ടിയും ! പിന്നെ എളവൂരില്‍ തൂക്കം നിരോധിച്ചു,മേടത്തില്‍ പൂമൂടലായി
മുക്കൂട്ട്‌ എണ്ണയില്‍ ചവിട്ടി തിരുമ്മി മുതുകത്തു തഴമ്പ് തിണര്‍ത്ത ആ കാരണവര്‍ എനിക്ക് സ്നേഹപൂര്‍വ്വം ചായ തന്നു,
നേര്‍ച്ച തൂക്കത്തിന് കൊളുത്ത് കാത്ത കോട്ടക്കല്‍ മേനോന്‍മാരുടെ കഥ പറഞ്ഞു തന്നു.
കൊളുത്ത് വളഞ്ഞു ഒരിക്കല്‍ ചാടില്‍ നിന്ന് വീണ അനുഭവം പങ്കിട്ടു. പാവം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ, അറിയില്ല !
മറ്റൊരു തൂക്കക്കാരന്‍ സുന്ദരന്‍ നായരേ കണ്ടത് എളവൂരിലെ കള്ളുഷാപ്പിലാണ്.
സുന്ദരന്‍ നായര്‍ക്കും കഥകള്‍ ഒരുപാടുണ്ടായിരുന്നു പറയാന്‍. കണ്ണൂരിലെ തെയ്യം കലാകാരന്മാരുടെ കഥയും മറ്റൊന്നെല്ല,
കൊല്ലത്തില്‍ ഒരിക്കല്‍ ദൈവം ആകാന്‍ വിധിക്കപ്പെട്ട പച്ച മണ്ണിന്‍റെ നേരുള്ള ചില ജന്മങ്ങള്‍ !
ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ദൈവങ്ങള്‍ !
അവരുടെ സ്മരണകള്‍ക്ക് മുന്നില്‍ ഒരു നിറകണ്‍ ചിരി, ഹൃദയപൂര്‍വ്വം ഒരു പ്രണാമം !
Thursday, 19 January 2012

ചലന നിയമത്തിനപ്പുറം

ചലന നിയമത്തിനപ്പുറം പുറമ്പോക്കില്‍
ചിലര് കൂടി ബാക്കിയുണ്ടിപ്പോഴും
അവര്‍-"കൊടുത്താലും വാങ്ങാത്തവര്‍" !
ചിതല് കേറിയ ചിരിയുമായ്  ജീവിത-
ചിതയില്‍ വെന്തു സ്വയം നൊന്തു നീറുവോര്‍!

Friday, 9 December 2011

ഡാമും ബാമും !

രണ്ടു വയസിനു മൂത്തവരെ "ചേട്ടാ" എന്ന് വിളിക്കാമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം
"അമൃതാഞ്ജന്‍" കമ്പനിയെ ചേട്ടാ എന്ന് വിളിക്കും ! തലമുറകളുടെ തലവേദന തീര്‍ത്ത
ബാമും ഇപ്പൊ മലയാളികളുടെ തലവേദനയായ ഡാമും തമ്മില്‍ ഇങ്ങനെയും ഒരു ബന്ധം
ഉണ്ടെന്നു ഇന്ന് വൈകുന്നേരമാണ് കണ്ടു പിടിച്ചത്. മുല്ലപ്പെരിയാറിനെ പറ്റി ചിന്തിച്ചു തല വേദനിച്ചപ്പോള്‍ കയ്യില്‍
കിട്ടിയത്  "അമൃതാഞ്ജന്‍" !
ബാമിന്‍റെ ക്യാപ്പില്‍ നോക്കിയപ്പോള്‍  അത് തുടങ്ങിയ വര്‍ഷം കണ്ടു.
ഡാമും ബാമും ! വല്ലാത്തൊരു കിസ്മത്ത് കണക്ഷന്‍ തന്നെ !
ബാം തേച്ചു മാറ്റാമായിരുന്ന തലവേദന ഇപ്പോള്‍ തലവെട്ടി മാറ്റേണ്ട പരുവത്തിലായിരിക്കുന്നു !

Wednesday, 7 December 2011

ഡേര്‍ട്ടി പിക്ചര്

റോഡുകള്‍ "ഡേര്‍ട്ടി പിക്ചര്‍" ആക്കി
കൂട്ടമായ് ഓടി എത്തുന്നു പട്ടികള്‍!
ഡിസംബര്‍ മാസമായതും മെഡിക്കല്‍ ലീവ്
തീര്‍ന്നതും മൈന്‍ഡ് ചെയ്യാതെ പിന്നെയും
വട്ടം ചാടുന്നു പട്ടികള്‍.
കൊടിവെച്ച കാറിനുള്ളില്‍ പറക്കുന്ന മേയറേ
രണ്ടു വീലില്‍ ഓടുന്ന, രണ്ടു കാലില്‍ നടക്കുന്ന
പാവപ്പെട്ടോരി പ്രജകളെ കടി കൊള്ളാതെ കാക്കണേ!

Tuesday, 15 November 2011

ജയില്‍ രാജന്‍ !

തല്‍സമയ ചര്‍ച്ച തൊട്ടുകൂട്ടി
അത്താഴത്തിനിരിക്കവേ
അര്‍ഥം കിട്ടാത്ത വാക്കുകള്‍
ജാമ്യം കിട്ടി വിയര്‍ക്കവേ
ആറ്റുകാല്‍ പൊങ്കാലക്കലം
കഴുകി തേച്ചെടുക്കുന്നു
ആനത്തലവട്ടമാനന്ദന്‍.
പാതയും പാതയോരവും
അര്‍ഥം കൊണ്ടെത്ര ഭിന്നം
ഇഴ കീറി പറിക്കുന്നു
തൊടു ന്യായം നിരത്തുന്നു.
ചര്‍ച്ച കേട്ടിരുന്നപ്പോള്‍
ഉള്ളിലിങ്ങനെ തോന്നിയാല്‍
അത് കുറിച്ചിട്ടില്ലേല്‍ ഉറക്കം വരില്ലെടോ:
ജാഥയും എഴുന്നള്ളിപ്പും
തീരാന്‍ കാത്തു കിടക്കുന്ന
ആംബു ലെന്‍സിന്റെ ഉളളിലെ
അന്ത്യ ശ്വാസം കേള്‍ക്കുവാന്‍
കാത് ദൈവം കൊടുക്കണേ !

Wednesday, 1 June 2011

"അരമീശ" എന്ന സര്‍വകലാശാല

കല്യാണ വീട്ടില്‍ വലിച്ചു കെട്ടിയ ടാര്‍പായ പെടുന്നനെ "പത്തോം...ന്ന്" പൊട്ടി വീണത്‌ പോലെ,  ജൂണ്‍ ഒന്നിന് മഴ പെയ്തു. മഴയെന്നു വച്ചാല്‍ പെരുമഴ. ഇടി കുടുങ്ങുന്ന  ഇടവമഴ കറുത്ത ശീലക്കുട ചൂടിയപ്പോള്‍, മൊത്തത്തില്‍ ഒരു ഇരുട്ടുകുത്ത്.
ഇടമുറിയാതെ പെയുന്ന മഴ എന്‍റെ ഓര്‍മകളെ റീ അടിച്ചു. ഒരു യു.പി സ്കൂള്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. ഉപ്പുമാവിന്റെ മണമുള്ള ഒരു നാടന്‍ യു.പി സ്കൂള്‍.
കുഴുപ്പിള്ളി സെന്‍റ് ഗ്രിഗറീസ് യു.പി.സ്കൂള്‍.
 ബട്ടന്‍ പൊട്ടിയ നീല കളസം മാടികുത്തി, മഴ വെള്ളത്തില്‍ കാല് പിണച്ചു പടക്കം പൊട്ടിക്കുന്ന
ചുക്കുണ്ട ബാബു, അരമീശ രമേശന്‍, ചെരുപ്പൂരി നാസര്‍.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന ദിവസം പഠിപ്പിസ്റ്റുകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്തിട്ടുള്ളതാണ്‌. പതിവ് പോലെ  തോറ്റുപോയ ലാസ്റ്റ് ബെഞ്ചിലെ ചങ്ങാതിമാര്‍ ആരും അന്ന് സ്കൂളില്‍ വരില്ല. വന്നാല്‍ തന്നെ കുരങ്ങു ചത്ത കാക്കലനെ പോലെ തല താഴ്ത്തി ഇരിക്കും. പിന്നെ മാഷിന് കുളിരുമ്പോള്‍ ബാക്ക് ബെഞ്ചിലേക്ക് നോക്കി ഒരു ഓര്‍ഡര്‍ ആണ് : "ഡാ ഒരു ചായ".  റാങ്ക് കിട്ടിയ സന്തോഷത്തോടെ അരമീശ ഒരു ഓട്ടമാണ്. "മാഷെ, അവസാനം ഒരിറക്ക് ചായ  തരാന്‍  ഈ അരമീശ രമേശന്‍ തന്നെ വേണ്ടി വന്നില്ലേ"
ജയിച്ചവര്‍ എല്ലാം പോയി മാഷും രമേശനും തനിച്ചായപ്പോള്‍ അരമീശ മാഷിന്റെ ഉത്തരം മുട്ടിച്ചു.
ഫസ്റ്റ് ഡേ ജയിച്ചവരുടെ ദിവസമാണ്. രണ്ടു മാസത്തെ കുരുത്തക്കേടുകള്‍, വിക്ടറി  ടാക്കീസില്‍ കണ്ട മമ്മൂട്ടി പടത്തിന്റെ ക്ലൈമാക്സ്,  റഹ്മാന്റെ ട്വിസ്റ്റ്‌ അടി,  സീ.പീ.രാജേഷിന്റെ ഒടിഞ്ഞ കയ്യില്‍ ഇട്ട പ്ലാസ്ട്ടെരില്‍ പേന കൊണ്ട് ഒരു പടം വര. അത്രയും ആകുമ്പോഴേക്കും. സെക്കന്റ്‌ ബെല്‍ അടിക്കും. പിന്നെ ടീച്ചര്‍ വരും. പിറകെ ഹെഡ് മാഷും.  ജയിച്ചവരുടെ പേര് വിളിക്കും. കേക്ക് മുറിക്കും പോലെ ജയിച്ചവരെ മുഴുവന്‍ നാലായി പകുത്തു നാല് ഡിവിഷനുകളിലേക്ക് പറഞ്ഞയക്കും. ജൂണ്‍ ഒന്നിന് കൂട്ടുകള്‍ പലതും മുറിയും. പുതിയത് തളിര്‍ക്കും. കൂട്ട് നോക്കി ഡിവിഷന്‍ തിരിക്കാത്ത ഹെഡ് മാഷിന്റെ കഷണ്ടി തലയ്ക്കു രണ്ടു വീക്ക് കൊടുക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും
ലാസ്റ്റ് ബെഞ്ചിലെ പതിവായി തോല്‍ക്കുന്ന "മരക്കഴുതകള്‍"  പക്ഷെ മികച്ച  സര്‍വകലാശാലകള്‍ ആയിരുന്നു. തോല്‍ക്കാന്‍ വേണ്ടി പഠിക്കുന്നവര്‍.
പ്രണയവും, ബയോളജിയും കോപ്പിയടിയും പിന്നെ ഡേ ടു ഡേ ലൈഫില്‍ വേണ്ട കള്ളത്തരങ്ങളും ചില്ലറ വേലവൈപ്പുകളും പഠിപ്പിക്കുന്ന ഒന്നാം നമ്പര്‍ സര്‍വകലാശാലകള്‍. ഈ ജൂണ്‍ ഒന്ന് അര മീശ രമേശനും ചെരുപ്പൂരി നാസരിനും പിന്നെ അത് പോലുള്ള ഒരു പാട് പേര്‍ക്കും സമര്‍പ്പിക്കുന്നു.
 

Tuesday, 31 May 2011

പുകഞ്ഞ കൊള്ളി

രണ്ടു സിഗരറ്റ് വലിച്ചു കഴിഞ്ഞാണ് അറിഞ്ഞത് ഇന്ന് ലോക പുകയില വിരുദ്ധ ദിനം ആണെന്ന്. എഴുത്തുകാരന്‍ വൈശാഖന്‍ മാഷ് തൃശൂര്‍ ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി വലി നിര്‍ത്തിയതായി പരസ്യപ്രസ്താവന നടത്തിയ വാര്‍ത്ത പത്രത്തില്‍ വായിച്ചു. പത്രത്തില്‍ വന്ന സ്ഥിതിക്ക് ഇനി വലിക്കാന്‍ മടിക്കും. കൊടുക്കാന്‍ കടക്കാരനും. ഗുഡ് ഐഡിയ  "ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്".  എനിക്ക് പരിചയമുള്ള പതിവ് വലിയന്‍മാരില്‍ ഒരാള്‍ ഇന്ന് വൈകുന്നേരം വരെ പുറത്തിറങ്ങിയിട്ടില്ല. ഒരു സിഗരറ്റ് പോലും പുകച്ചിട്ടില്ല. പുള്ളി എല്ലാ വര്‍ഷവും മാസത്തില്‍ നാലു തവണ വലി നിര്‍ത്തുന്ന ആള്‍ ആയതു കൊണ്ട് ഈ കാര്യത്തില്‍ ഭയങ്കരനാണ്. പക്ഷെ
വേറെ ഒരു ചങ്ങാതി മറ്റൊരു ശപഥം എടുക്കുന്നത് കേട്ട് എന്‍റെ ഫിലമെന്‍റ് അടിച്ചു പോയി : ഇന്ന് മുതല്‍  മൂന്ന് സിഗരറ്റ്.  ഒണ്‍ലി ത്രീ.,  ഫോര്‍ ഈച് പെഗ്.